Wednesday, April 13, 2011

വേനല്‍മഴ.!!

വേനല്‍മഴ.!!


ഉമി പുകയുന്ന വേനല്‍.
നനുത്ത സ്പര്‍ശം പോലെ പെയ്യുന്ന വേനല്‍മഴ.
മണ്ണൊന്ന് മഴനുണഞ്ഞ് രുചി അറിയുന്പോഴേക്കും.
മെല്ലെ മെല്ലെ എത്തി നോക്കുന്ന സൂര്യന്‍.
അതിനിടയില്‍ എപ്പോഴോ ആയിരിക്കും.
ആ അപാര നീലിമയില്‍ മഴവില്ലു പൂക്കുന്നത്.
ഏഴ് നിറങ്ങളില്‍.

ഇന്നലെ മുഴുവന്‍ ഞാന്‍ അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു.
നിഴലുപോലെ. അല്ല ഒരു പക്ഷെ നിഴലിനേക്കാള്‍ അരികെ. 
അവളെ നോക്കി തീര്‍ക്കുകയായിരുന്നു.
കണ്ണിനു മുന്നില്‍ മറയായ് ഒരു കാമറയും പിടിച്ച്. 
അന്പലത്തില്‍ പോകുന്പോള്‍.
കുറി തൊടുന്പോള്‍.
തിരിച്ചു വന്നു വീട്ടിലെ മുറിയില്‍ അണിഞ്ഞൊരുങ്ങുന്പോള്‍.
ആഭരണങ്ങള്‍ അണിയുന്പോള്‍.
ബന്ധുക്കള്‍ അവള്‍ക്കു മധുരം പകരുന്പോള്‍.
എല്ലാം ..പകര്‍ത്തുകയായിരുന്നു ഞാനും എന്റെ കാമറയും.
മത്സരിച്ചുകൊണ്ട്. മനസ്സിലും ഫിലിമിലും.
അപ്പോഴൊക്കെ കൈകള്‍ വിറക്കാതിരിക്കാന്‍ .
ഉള്ളിലോടിനടക്കൂന്ന മദ്യത്തോട് ഞാന്‍ കൂടുതല്‍ ധൈര്യം ആവശ്യപ്പെട്ടു കൊണ്ടിരുന്നു.
എന്നിട്ടും എനിക്കു വിറച്ചു.
രണ്ടുവട്ടം.
ഉള്ളിലെ മുറിയില്‍ ചാര്‍ജ്ജ് ചെയ്യാന്‍ വച്ച ബാറ്ററി എടുക്കാന്‍ ചെന്നപ്പോള്‍.സുനന്ദയുടെ കൂടെ അവളുമുണ്ടായിരുന്നു മുറിയില്‍.
ഒരു മൂലയില്‍ നിര്‍വികാരനായി ബാറ്ററി മാറ്റികൊണ്ടിരിക്കെ .അവളെഴുന്നേറ്റു കതകടച്ചു.
ഓടിവന്ന് എന്റെ കൈകള്‍ നെഞ്ചിലേക്കടുപ്പിച്ചു പിടിച്ച് കണ്ണില്‍ വെള്ളം നിറച്ചു കൊണ്ട് ചോദിച്ചു.എന്നെ എന്തിനിങ്ങനെ ശിക്ഷിക്കുന്നെന്ന്.
ആരെ ശിക്ഷിക്കാന്‍.
ഇല്ല ..
ഇത് നിനക്കുള്ളതല്ല.എനിക്കുള്ളതാണ്.
ഞാന്‍ തന്നെ വിധിച്ചത്.
ആവളുടെ കൈ വകഞ്ഞു മാറ്റി കതകു തുറന്നു പുറത്തേക്കു ധൃതിയില്‍ നടക്കുന്പോള്‍.
നടുമുറിയിലെ ദീര്‍ഘ വൃത്താകൃതിയിലുള്ള കണ്ണാടിയില്‍ ഞാന്‍ കണ്ടു.
കണ്ണൂകള്‍ കലങ്ങിയ അവളൂടെ മുഖവും അതിനു മറ തീര്‍ത്തു കൊണ്ട് അടഞ്ഞു വരുന്ന മുറിയുടെ വാതിലും.
അല്പം കഴിഞ്ഞ് അവളിറങ്ങിവന്നു.
പൂവും ചൂടി.... പുടവയും ചുറ്റി.... കൈയില്‍ എരിയുന്ന തിരിവച്ച താലവുമേന്തി....
കല്യാണതട്ടില്‍ കാലെടുത്തുവെക്കുന്പോള്‍ അവളെന്നെ ഒന്നു നോക്കി.
വിറച്ചു...എനിക്കെന്റെ കൈകള്‍ വിറച്ചു.
അതായിരുന്നു അദ്യത്തെത്. 
പിന്നീടുള്ള എന്റെ ചലനങ്ങള്‍ തികച്ചും യാന്ത്രികമായിരുന്നു.
ആ മണ്ഡപത്തിനു ചുറ്റും ഞാന്‍ ജീവിച്ചത് യുഗങ്ങള്‍ തള്ളിനീക്കികൊണ്ടാണ്.
ഒടുവില്‍ താലിയണിഞ്ഞുകൊണ്ടിരിക്കെ...
താലികെട്ടിക്കൊണ്ടിരുന്ന കൈകള്‍ക്കിടയിലൂടെ അവളെന്നെ ഒന്നുകൂടി നോക്കി. 
എനിക്കു വിറച്ചു രണ്ടാമതും.
ആ വിറ കാരണം കാമറ വിട്ടു പോയതും ഫിലിമില്‍ പതിയാത്തതുമായ രണ്ടു രംഗങ്ങളും.
പക്ഷെ എന്റെ ഉള്ളില്‍ പതിഞ്ഞത് പച്ചകുത്തിയതു പോലെയാണ്.
അല്പസമയം ഞാന്‍ മാറി നിന്നു.
പോക്കറ്റില്‍ ബാക്കിവച്ചത് വെള്ളം ചേര്‍ക്കതെ അകത്താക്കി പണ്ഡാരിപുരയുടെ അടുത്ത് വച്ച്.
അടുപ്പില്‍ എരിഞ്ഞുകൊണ്ടിരുന്ന കനലുകളിലേക്കു ഫോക്കസ് ചെയ്ത് ഒരു ഷോട്ടെടുത്തു.
കൈവിറ്ക്കില്ലെന്നു ഉറപ്പു വരുത്താന്‍.
കാരണം എനി എടുക്കാനുള്ളത് ഒരു ഷോട്ടുമാത്രം.
ജീവന്റെ അവസാനത്തെ ഷോട്ട്.
അല്ലെന്കില്‍ ജീവനെന്ന ഈ ഫൊട്ടോഗ്രാഫറുടെ മാസ്റ്റര്‍പീസ്.
അതില്‍ ഞാന്‍ വിജയിച്ചു.
പനിനീര് തളിച്ചു പടിയിറങ്ങുന്പോള്‍ ആരെയോ തിരയുകയായിരുന്ന ആ രണ്ട് മിഴികള്‍ ഞാന്‍ പകര്‍ത്തി.
കൈ വിറക്കാതെ തന്നെ.എന്റെ അവസാന ഷോട്ട്.
അവളിറങ്ങുന്പോള്‍ മഴ പെയ്തു.
മണ്ണിന്‍ചിരട്ടകള്‍ വലിച്ചെറിഞ്ഞ് മഴവില്ല് കാണാന്‍ അന്പോറ്റിക്കുന്നിന്റെ നിറുകയിലേക്കു ഓടാന്‍ ഞങ്ങളെ പ്രേരിപ്പിച്ച.
അതേ വേനല്‍മഴ....
ചിതറിത്തുടങ്ങിയ അഥിതികള്‍ക്കിടയിലൂടെ തുഴഞ്ഞുചെന്നു ഞാന്‍ എന്റെ സഞ്ചിയുമെടുത്ത് വിയര്‍പ്പു പൊഴിയും മുന്പ് ഓടിയത്.
എന്റെ ഇരുട്ട്മുറിയിലെക്കായിരുന്നു.
ചുവന്ന വെളിച്ചത്തില്‍ ഞാന്‍ ആ ഫോട്ടൊകള്‍ ഓരോന്നായ് രൂപപ്പെടുത്തി.
ഓരോമൊട്ടുസൂചികളാക്കി ഹൃദയത്തില്‍ ആഴ്ത്തി ഇറക്കി.
അങ്ങനെ ഇന്നലെ രാവും ഇന്നു പുലര്‍ചയും പണിപ്പെട്ട് ഞാനതിനൊരു ലോഹകവചം തീര്‍ത്തു.
കഠിനനാകതെ എനിക്കെങ്ങനെ അവളെ യാത്രയാക്കാനാകും.
വരണ്ടു വിണ്ടുകീറിയ എന്റെ വഴികളില്‍.
അവളായിരുന്നു എന്റെ വേനല്‍മഴ.
എന്റെ വാനിലെ ഏഴു പീലി നീര്‍ത്തിയ പ്രണയവും അവള്‍ തീര്‍ത്തതാണ്.
എനി ഒരിക്കലും അതുണ്ടാകില്ല.
ഈ ഇരുട്ടു മുറിയില്‍ വെളിച്ചമില്ലാത്തലോകത്ത് ഇനി എന്തിനു വര്‍ണങ്ങള്‍.
മൊട്ടുസൂചികള്‍ക്കിടയിലൂടെ ചുവപ്പ് പടര്‍ന്നുകൊണ്ടിരുന്നു.
ഇല്ല മരിക്കില്ല .
മരിക്കാന്‍ എനിക്കിനിയം സമയമുണ്ട്.
ഞാന്‍ മരവിച്ചു കിടക്കും.
കുളുമുറിയുടെ ഓരു പറ്റി ഓവുചാലിലൂടെ പുറത്തേക്ക് ഓഴുകി എന്റെ രക്തം അടയാളം കാട്ടും വരെ.
വീട്ടു പടിക്കലില്‍ പഴയ പത്രക്കെട്ടുകള്‍ പത്രക്കാരന്‍ പയ്യനില്‍ സംശയം പുകയ്ക്കും വരെ.
പടുതിരിയാളി എന്റെ ചുരുളുകള്‍ ഇരുട്ടില്‍ ഒരു കറുത്ത മഴവില്ലു തീര്‍ക്കും വരെ... 
എന്റെ വേനലുകള്‍ അവസാനിക്കും വരെ....!!

                                                        -ലിപി....

Sunday, March 27, 2011

ഒരു പിറന്നാള്‍ ദിനത്തില്‍.!!


ഒരു പിറന്നാള്‍ ദിനത്തില്‍.!!


"മഴ തോര്‍ന്നു"...

അവന്‍ ഇറയത്തു നിന്നു കൈ പുറത്തേക്കിട്ടു ഉറപ്പുവരുത്തി.പിന്നെ താമസിച്ചില്ല ബാഗും തൊളിലോട്ടിട്ടു ചൊറ്റുപാത്രവും തൂക്കിഎടുത്ത് മുറ്റത്തേക്കിറങ്ങി.

"അപ്പൂ കുട തുറന്നോളൂ.. മഴപ്പാറല്‍ കൊണ്ട് പനി പിടിക്കണ്ട.." അമ്മ വിളിച്ചു പറഞ്ഞു.

അവനത് കേട്ടോ അവോ ...ഓന്നും മിണ്ടതെ നടന്നു നീങ്ങി.

അവന്റെ നടത്തത്തിനു ഒരു താളമുണ്ട്. തോളിലെ ബാഗ് ആ താളത്തില്‍ താഴുകയും പൊങ്ങുകയും ചെയ്യുന്നുണ്ട്. മഴ നക്കി തുടച്ചതിന്റെ ബാക്കി പത്രമായി ഇടവഴിയില്‍ അവിടവിടെ ചെറു വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരിക്കുന്നു.ആവുന്നത്ര അവയില്‍ പാദങ്ങളൂന്നിയാണ് അവന്റെ നടപ്പ്.

അമ്മു കുറേ നേരമായി ഗേറ്റിനടുത്ത് കാത്തു നില്പാണ്.

സഹികെട്ടപ്പൊള്‍ അവള്‍ ഗേറ്റ് പതിയെ തുറന്നു വിളിച്ചു പറഞ്ഞു. "ചേച്ചി പെട്ടെന്നു വിന്നില്ലേല്‍ ഞാന്‍ പോകും കേട്ടോ..

 എനിക്ക് ആദ്യത്തെ പിരീഡ് ഗോമതി ടീച്ചറാ.."

"ഇനി ഈ അപ്പു എപ്പഴാണാവോ വരികാ എനിക്കിന്ന് അടി ഉറപ്പാ.."

വീടിന്റെ ഉള്ളില്‍ നിന്ന് മറുപടി ഒന്നുമില്ല.

ആപ്പൊഴേക്കും അപ്പു റോഡിനപ്പുറം എത്തിയിരുന്നു. അവന്‍ അമ്മുവിന്റെ വെപ്രാളം ആസ്വദിച്ചു കൊണ്ട് നില്പാണ്..

"ഹാവൂ ആശ്വസമായി അപ്പു വരുന്നുണ്ട്."

ആപ്പു പതിയെ റൊഡ് മുറിച്ചു കടന്ന് ചോറ്റുപാത്രവും ആട്ടി അരികിലെത്തി .

"നീ എന്താടാ കുമ്മയത്തില്‍ വീണോ?..ആരാ ഇങ്ങനെ പൂശിത്തന്നേ?.."

"അത് അമ്മ വെളുക്കാന്‍ വേണ്ടി ഇട്ടതാ."

"അമ്മ വെളുക്കാന്‍ നിന്റെ മുഖത്താണോ ഇട്ടത്.. ഇങ്ങു വാ ഞാന്‍

തുടച്ചുതരാം."

"വേണ്ട.. നിഷചേച്ചി തുടച്ചു തരും."

"അയാളുതന്നെ  തുടച്ചു തീര്‍ന്നില്ല...പിന്നെയാ നിന്റേത്."

അപ്പു അങ്ങനെ പറയാന്‍ കാരണമുണ്ട്. അവന്‍ കണ്ടിട്ടുള്ള പെണ്‍ വര്‍ഗ്ഗങ്ങളില്‍ ഏറ്റവും സുന്ദരി നിഷചേച്ചിയണ്.
നിഷചേച്ചിയുടെ കൈകള്‍ ചന്ദനം മണക്കും. അവ കവിളില്‍ തൊടുന്പോള്‍ നല്ല തണുപ്പാണ്.കൈകള്‍ കൊണ്ട് മുടി ഓതുക്കുന്പോള്‍ താളി തേക്കുന്നതു പൊലെ തൊന്നും.പിന്നെ കാച്ചെണ്ണക്ക് ഏറ്റവും സുഗന്ധമുള്ളത് അതു നിഷചേച്ചിയുടെ മുടിയില്‍ നിന്നു മണക്കുന്പൊഴാണ്.
അപ്പു അങ്ങനെ കിണുങ്ങി നില്കെ പിന്നില്‍നിന്നുമാ കൈകള്‍ കണ്ണുകള്‍ക്കുമീതെ മഞ്ഞു പെയ്തു. . ..!!!

നിഷചേച്ചി അപ്പുവിനെ ഒരുക്കി സുന്ദരനാക്കി . മൂന്നുപെരും റോഡിലോട്ടിറങ്ങി.

പൊടുന്നനെ ഒരു സൈക്കിള്‍ അവര്‍ക്കു കുറുകെ വന്നു നിന്നു.
 "മനുവേട്ടാ എന്നെക്കൂടി സൈക്കിളില്‍ കേറ്റാമോ?"
അപ്പു ചാടാന്‍ തുടങ്ങി.
"ഇല്ല അപ്പുവെ ഞാന്‍ കടയിലോട്ടാ ഈ ഗോതന്പ് പൊടിച്ചുവാങ്ങണം.പിന്നൊരു ദിവസാട്ടെ"
"പിന്നെ... നിഷചേച്ചി....അറിഞ്ഞോ? ആള് നാളെ വരുന്നൂന്നാ കേട്ടത്."
"ഹും.. അറിഞ്ഞു."
"എല്ലാം അപ്പപ്പോ അറിയുന്നുണ്ടല്ലേ? " മനു സൈക്കിളില്‍ ചാടിക്കേറി പുറകോട്ടു നോക്കിക്കൊണ്ടു പറഞ്ഞു.
പിന്നെ സൈക്കിളിനു വെഗം കൂടി.

"ആരു വരുന്ന കാര്യമാ മനുവേട്ടന്‍ ചൊദിച്ചേ?"
"ആരും വരുന്നില്ല വരുന്പോ അറിയിക്കാം.. കേട്ടോ?"
നിഷചേച്ചിയുടെ ആ ഉത്തരത്തില്‍ അപ്പു തൃപ്തനായില്ലെന്കിലും അവന്‍ ചിരിച്ചു..

അവര്‍ മൂന്നു പേരും സല്ലപിച്ചുകൊണ്ടു സ്കൂളിലോട്ടു നടന്നു...
അവരാ വളവു പിന്നിട്ടു കഴിഞ്ഞു ...അവരുടെ സംസാരം ദൂരക്രമേണ ലോപിച്ചു ലോപിച്ചു വന്നു.

സ്കൂളില്‍ പഠനവും ..കളിയും ..ചിരിയുമായ് ആ ദിനം ഭംഗിയായിരുന്നു.


പിറ്റേന്നു കാലത്ത് അപ്പു പതിവിലും ഊര്‍ജ്ജസ്വലനായിരുന്നു.
ഇന്നവന്റെ പിറന്നാളാണ് .

" മിഠായി പൊതിഞ്ഞത് ബാഗില്‍ വച്ചോ അപ്പു?" അമ്മ ഒന്നുറപ്പിക്കാനെന്നോണം ചോദിച്ചു.

"നിഷക്കും അമ്മുവിനുമുള്ളത് കയ്യില്‍ വച്ചാല്‍ മതി."

"ഹും എടുത്തു. അമ്മുവിനൊരെണ്ണം നിഷചേച്ചിക്കു രണ്ടെണ്ണം."

"അതെന്താടാ ഒരു പക്ഷപാതം." അപ്പുവിന്റെ അച്ഛന്‍ മോഹനേട്ടന്‍ ഇടപെട്ടു.

"അവനെങ്ങനാന്നു വച്ചാ കൊടുത്തോട്ടെ "അമ്മയതു തീര്‍പ്പുമാക്കി.

അപ്പു മുറ്റത്തോട്ടിറങ്ങി.

"അപ്പു സ്കൂളിലോട്ടാ?...പതുക്കെ പോകണം ..കേട്ടോ.." രജീവേട്ടന്‍ മുറ്റത്തേക്ക് കേറി വന്നു...അപ്പൊഴെക്കു അപ്പു മിഠായിയും കീശയിലിട്ടു കുതിച്ചിരുന്നു.

രജീവേട്ടന്‍ ആളൊരു സഖാവാണ്.ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍.

" മോഹനേട്ടാ നിങ്ങളൊന്നു സ്റ്റേഷനിലോട്ടു വിളിക്കണം... ഒരു ചെറിയ പ്രശ്നമുണ്ട്"

"നമ്മുടെ കണ്ടോത്ത് ഒരു മരണം. കിണറ്റിലാണു ജഡം അപ്പൊ പോലീസു വരാതെ ..എങ്ങ്നാ..ഒന്ന്."

"കണ്ടോത്ത് എന്നു പറയുന്പോ നമ്മുടെ നിഷയുടെ വീട്ടിലോ?" അപ്പുവിന്റെ അമ്മയ്ക്കു വെപ്രാളമായി.

"അതെ..ഞാന്‍ നമ്മുടെ കൊണ്സ്റ്റബിള്‍ നാരായണേട്ടന്റെ വീടുവരെ പോയിരുന്നു അപ്പൊഴെക്കു മൂപ്പര് സൈക്കിളില്‍ സ്റ്റേഷനിലോട്ടൂ പോയെന്നു നാണിയേടത്തി പറഞ്ഞു."

രാജീവേട്ടന്‍ പറഞ്ഞു നിര്‍ത്തിയതും അപ്പുവിന്റെ അച്ചന്‍ അകത്തേക്കു പോയി .ഫോണെടുത്ത് കറക്കാന്‍ തുടങ്ങി.

അപ്പു നടക്കുകയാണ് . അതേ താളത്തില്‍...ചൊറ്റുപാത്രവും ആട്ടികൊണ്ട്....

റോഡിനരികെ എത്തിയപ്പൊള്‍ അതു പതുക്കെ ആയി.

"ഗേറ്റിനരികില്‍ അമ്മു ചേച്ചി ഇല്ല. പക്ഷെ നിഷചേച്ചിയുടെ വീട്ടില്‍ ആള്‍ക്കൂട്ടം.ആരൊക്കെയൊ പറന്പിലും ഉണ്ട്.കുറേപേര്‍ കിണറ്റിലേക്കെത്തിനോക്കുന്നുണ്ട്."

"അപ്പുമോനേ..."അപ്പു വിളി കേട്ടു തിരിഞ്ഞു നോക്കി.അച്ഛന്‍..!!കൂടെ രജീവേട്ടനും.

" കുട്ടനിന്നു രജീവേട്ടന്റെ സ്കൂട്ടറില്‍ പോയ്ക്കോളൂ നിഷ ഇന്നു വരിക ഉണ്ടാവില്ല".

"അതെന്താ അച്ഛാ?"

"നിഷചെച്ചിക്കു നല്ല സുഖമില്ല."

അപ്പു തലകുലുക്കി. പിന്നെ തലതാഴ്തി നടന്നു.

"എന്താ മോനെ കയില് .. മിഠായി ആണോ?..അതു കീശയിലിട്ടിട്ടു ഇവിടെ പിടിച്ചോ."

അപ്പുവിനെ സ്കൂട്ടറില്‍ മുന്നിലായ് നിര്‍ത്തി രജീവേട്ടന്‍ പറഞ്ഞു.

അപ്പൊഴാണു അവന്‍ നിഷചെച്ചിയെ കണ്ടത് .വീടിന്റെ മുകളിലത്തെ വരാന്തയില്‍ ..നിഷചേച്ചി നില്കുന്നു.

"സൂക്കേടിന്റെ മട്ടൊന്നുമില്ലല്ലൊ.."

"ചേച്ചീ..!!" അവന്‍ വിളിച്ചു കൂവി.

നിഷചേച്ചി കൈ കൊണ്ട് റ്റാറ്റ കാണിച്ചു.അപ്പു സ്കൂട്ടറില്‍ സ്കൂളിലേക്കു പോയി.

മനു സൈക്കിള്‍ മോഹനേട്ടന്റെ മുന്നില്‍ ബ്രേക്കിട്ടു നിര്‍ത്തി.

"പോലീസ് വന്നോ?"

"ഇല്ല മനു ...ഫയര്‍ ഫോഴ്സിലും വിവരം അറിയിച്ചിട്ടുണ്ട്."

"ആരാണെന്നു വല്ല പിടിയും ഉണ്ടോ?"

"ആര്‍ക്കറിയാം! റോഡരികല്ലെ ആരെന്കിലും..കൊന്നിട്ടതാണോന്നും അറിയില്ലാ.നീ എവിടെ പോയിരുന്നു?"

"ചേട്ടന്‍ ഇന്നലെ കേറുമെന്നു പറഞ്ഞിരുന്നു.പുലര്‍ച്ചെ നാലു മണീടെ വണ്ടിക്ക് കണ്ടില്ല.

സ്റ്റേഷന്‍ വരെ ഒന്നു പോയി നോക്കിയതാ.ചിലപ്പോ അടുത്ത വണ്ടിക്കാവും.അത് പത്തു മണിക്കാണ്."

"എന്താ സഞ്ചിയില് ?"

"കോഴിയാ ഞാനിതു വീട്ടില്‍ കൊടുത്തിട്ടു വരാം"

മനുവിന്റെ വീട്ടില്‍...

"അമ്മേ ഈ കോഴി വേഗം ശരിയാക്കിക്കേ...തേങ്ങ അരച്ചു വച്ചാ മതി. പുട്ടിന്റെ കൂടെ അതാ നല്ലത്."

"അവന്‍ എവിടെ ..?"

"കണ്ടില്ല .. അച്ഛന്‍ പറഞ്ഞ പോലെ പത്തു മണീടേതിനാവും."

"ജീപ്പിന്റെ ശബ്ദം കേള്‍ക്കുന്നുണ്ട്. പോലീസ് വന്നെന്നു തോന്നുന്നു. ഞാനൊന്നവിടെ വരെ പോയിട്ടു വരാം ." മനു പുറത്തോട്ടിറങ്ങി.

ഇപ്പൊ ആ വീടിന്റെ മുകളീന്നു കാണാം താഴെ പോലീസുകാര്‍ ആളുകളെ വകഞ്ഞു മാറ്റി കിണറ്റിനരികിലേക്കു നീങ്ങുന്നു.കൂടെ വടവും കപ്പിയും കസേരയും ഒക്കെയായ് ഫയര്‍ഫോഴ്സും.

വടം അവര്‍ കിണറ്റിനു കുറുകെ രണ്ട് മരങ്ങളിലായി കെട്ടി.മദ്ധ്യത്തിലായി കപ്പി ഘടിപ്പിച്ചു.

"രമേശാ നീ ഇറങ്ങിയാല്‍ മതി." ഫയര്‍ ഫോഴ്സ് ഓഫീസര്‍ ഉത്തരവിട്ടു.

ആ ചെറുപ്പക്കാരന്‍ വടത്തിന്റെ കുരുക്കില്‍ ചവിട്ടി നിന്നു കൈകൊണ്ട് ആംഗ്യം കാട്ടി. വടം പതുക്കെ താഴാന്‍തുടങ്ങി.

ആകാംക്ഷാ ഭരിതരായ നാട്ടുകാര്‍ക്കുമുന്നില്‍ ആദ്യം പൊങ്ങിവന്നത് ഒരു ബാഗായിരുന്നു.
പിന്നാലെ കസേരയില്‍ ഇരുത്തിയ നിലയില്‍ ആ ശരീരവും.

എല്ലവരും ഒരു നിമിഷം നിശബ്ദരായി.

മുഖത്ത് സംശയം ഇരച്ചു കയറിക്കൊണ്ടിരുന്ന മനുവിന്റെ കൈയില് രാജീവേട്ടന്‍ മുറുകെ പിടിച്ചു.

മനു ബോധരഹിതനായി നിലംപതിച്ചു.

മുകളിലെ മുറിയില്‍ ജനാലക്കന്പിയില്‍ പിടിച്ചിരുന്ന രണ്ട് കൈകള്‍ പിടിവിട്ടു പിന്നോട്ടാഞ്ഞു.

പൊന്നിന്‍ പാദസരങ്ങള്‍ അണിഞ്ഞ ആ പാദങ്ങള്‍ ഗോവണിപ്പടികള്‍ ചാടി ഇറങ്ങി.

കോലായില്‍ നിന്നു കൊണ്ട് അവള്‍ക്കു മുന്നിലൂടെ ചുമന്നു കൊണ്ടുപോയ ശവത്തിന്റെ മുഖം അവള്‍ തിരിച്ചറിഞ്ഞു.

മരണം ഒരു വീട്ടില്‍ നിന്നു മറ്റൊരിടത്തേക്കു താമസം മാറി. ഒരു വാടകക്കാരനെ പോലെ .

ഒന്നു രണ്ട് മണിക്കൂറുകള്‍ക്കു ശേഷം.

ആശുപത്രിയില്‍ കൗണ്ടറില്‍ പരിഭ്രന്തനായി കണ്ട രജീവന്റെ അരികില്‍ മോഹനേട്ടന്‍ ഓടിയെത്തി.

"നീ എന്താ ഇങ്ങോട്ടു പോന്നെ? അവിടെ ബാക്കി കര്യങ്ങള്‍ എന്തായി?"

"മോഹനേട്ടാ നമ്മുടെ നിഷ ഒരബദ്ധം ചെയ്തു. മുകളിലത്തെ മുറിയിലെ ഫാനില്‍ ചുരീദറിന്റെ ഷാളില്‍ തൂങ്ങി."
"എന്നിട്ട്?!!"
"ഇവിടെ കൊണ്ടു വരുന്പോ ജീവനുണ്ടയിരുന്നു. ഡോക്ടര്‍മാര്‍ അവുന്നത്ര നോക്കി പക്ഷെ അവളു പിടി കൊടുത്തില്ല."

"അവരു തമ്മില്‍ അടുപ്പത്തിലായിരുന്നു. വീട്ടൂകാരിപ്പൊഴാ അറിയുന്നെ..
ആ ഇളയ ചെറുക്കന്‍ മനുവിന് നേരത്തെ അറിയാമെന്നു തോന്നുന്നു.
പാവം അതിന്റെ ബോധം വന്നും പോയും ഇരിക്കുകാ"

"വിനു വിന്റെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞോ?"
"ഇല്ല ഇനിഇപ്പൊ രണ്ടും ഒരുമിച്ചു കൊണ്ടുപോയ്കൂടെ?"
"അതാകും സൗകര്യം".
"നിഷയുടെ അച്ഛന്‍ പുറത്തല്ലെ?"
"രവിയേട്ടനെ വിവരം അറിയിച്ചിട്ടുണ്ട്. ആറുമണിയോടെ എത്തിയേക്കും.
അമ്മയ്ക് തീരെ വയ്യെന്നു പറഞ്ഞാ വിളിച്ചിരിക്കുന്നെ.അല്ലതെ ഇതെങ്ങനാ പറയുന്നെ?"
"ഹും..."

അപ്പുവിനെ അമ്മ സ്കൂളീന്നു കൂട്ടികൊണ്ടു വന്നു.

നാലുമണിയോടെ രണ്ട് വീടുകളിലും അലമുറകളുയര്‍ന്നു.

വെളുത്ത തുണിയില്‍ പൊതിഞ്ഞ നിഷചേച്ചിയുടെ ശരീരം അപ്പുവിനെ അമ്മ കാണിക്കുന്പോള്‍ .
നിഷയുടെ അമ്മ കരഞ്ഞു കൊണ്ട് പറയുന്നുണ്ടായിരുന്നു."എന്നും ഒരുമിച്ചു പോകണ മക്കളല്ലെ..?" എന്ന്.

ആറുമണിക്കു നിഷയുടെ അച്ഛനെത്തിയതോടെ രണ്ട് പേര്‍ക്കുമായി കണ്ടോത്തെ മാവിന്റെ ചുവട്ടീല്‍ ചിതയൊരുങ്ങി.
രണ്ട് വീട്ടുകാരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു.അടുത്തടുത്തു മതി എന്നു.നാട്ടുകരും അതു പിന്‍താങ്ങി.


എല്ലാം കഴിഞ്ഞ് അച്ഛനും അമ്മയ്കും ഒപ്പം അപ്പു വീട്ടിലേക്ക് മടങ്ങുന്പോള്‍ നരായണേട്ടന്‍ സൈക്കിളില്‍ വന്നിറങ്ങി.

"കേട്ടോ മോഹനാ... ചെറുക്കന്റേത് അപകട മരണം തന്നയാ.
മറിച്ചു ചിന്തിക്കാന്‍ കാരണങ്ങള്‍ ഒന്നും തന്നെ ഇല്ല.
അവനിന്നു നാട്ടില്‍ വരുന്നെന്നു അറിയിച്ചിരുന്നു.
പുലര്‍ച്ചെ എത്തിക്കാണും.
ആ പെണ്ണ് കാലത്ത് പഠിക്കാന്‍ എഴുന്നേറ്റപ്പോള്‍ മുറിയില്‍ വെളിച്ചം കണ്ട് കാണാനോ മറ്റോ ശ്രമിച്ചുകാണും.
കഷ്ടകാലം വരുന്പോ ആണല്ലോ ഇങ്ങനെ ഒക്കെ തോന്നുകാ..
കിണറ്റിന്റെ ചുറ്റുമതിലില്‍ ചവിട്ടി ടെറസില്‍ കേറിയാല്‍ പിന്നെ അവളുടെ മുറിയുടെ ജനലാണ്...
കിണറിനടുത്തെ പേരക്കമരത്തിന്റെ ഒരു കൊന്പ് ഒടിഞ്ഞ് കിടപ്പുണ്ട്.
പിന്നെ ആ ബാഗ് തോളിലില്‍ തന്നെ ഇട്ട നിലയിലാണ് ശവം കിടന്നത്.
പിന്നോട്ടൊ മറ്റോ ആഞ്ഞപ്പോള്‍ കാലു തെറ്റിവീണുകാണും.
പെണ്ണിന്റേത് പിന്നെ ...അതു തന്നെ..’അല്പം വൈകിപ്പോയി’ എന്നാ എഴുതിവച്ചേക്കണത്.."

അതെ അങ്ങനൊരു മരണക്കുറിപ്പു അധികമാരും കണ്ടുകാണില്ല.
വളരെ ചുരുക്കത്തില്‍.
ചുണ്ടില്‍ തേയ്ക്കുന്ന ചായം കൊണ്ടവള്‍ അലമാരയുടെ കണ്ണാടി ചില്ലില്‍ എഴുതി.
"അല്പം വൈകിപ്പോയി" എന്നു മാത്രം.

ചിലപ്പോള്‍ വിധി നമ്മെ തൊല്പിക്കാന്‍ ശ്രമിക്കും.
പക്ഷെ ചിലര്‍ വിധിയെ പോലും തോല്പിച്ചു കളയും. അപ്പുവിന്റെ നിഷചേച്ചിയെ പോലെ.
അതും പ്രണയമായിരുന്നു .
മരണത്തിന്റെ കറുത്ത കന്പളം പുതച്ചു മറഞ്ഞിരുന്ന പ്രണയം.

ഇന്നു മഴ ഇല്ല.
എന്കിലും അവന്‍ കൈ പുറത്തോട്ടിട്ടു. വെറുതെ.
എന്നിട്ട് ചോറ്റുപാത്രവും എടുത്ത് മുറ്റത്തേക്കിറങ്ങി.
പതിവിനു വിപരീതമായി അമ്മു അവന്റെ വീട്ടുപടിക്കല്‍ തന്നെ നില്പുണ്ടായിരുന്നു.

അപ്പു ഒന്നു തിരിഞ്ഞുനോക്കി. അമ്മ അച്ഛനൊപ്പം നിന്ന് ചെറുതായി തല അനക്കി സമ്മതം മൂളി.

അവന്‍ അമ്മു ചേച്ചിയുടെ കൈയും പിടിച്ചു നടന്നു.

റോഡ് മുറിച്ചു കടക്കുന്പൊള്‍ അവന്റെ കണ്ണ് തൊടിയിലെ കൂട്ടിയിട്ട റീത്തുകളിലായിരുന്നു.

ഗേറ്റിനരികെ എത്തിയപ്പൊള്‍ അവന്‍ പെട്ടെന്നു നിന്നു.

"അമ്മുചേച്ചി എന്റെ മുഖത്ത് പൗഡര്‍ ഉണ്ടോ?"
അമ്മു തിരിഞ്ഞ് നോക്കി പറഞ്ഞു."ഇല്ല"..
"ഉണ്ട് ".. അവന്‍ ശഠിച്ചു.
അപ്പൊഴേക്കും അമ്മുവിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
അവള്‍ അവന്റെ മുഖം കൈകൊണ്ട് മിനുക്കി.
കവിളില്‍ ഒരുമ്മയും കൊടുത്തു.
അപ്പു കീശയില്‍നിന്നും എന്തോ അവള്‍ക്കു നീട്ടി.
അവളതു വാങ്ങിച്ചു. "മൂന്ന് മിഠായികള്‍".
"ഇന്നലെ എന്റെ പിറന്നാളായിരുന്നു "...

അവര്‍ പതുക്കെ നടന്നകലുന്പോള്‍ രണ്ടുപേരും വിദൂരതയില്‍ അലിഞ്ഞുപോകുന്നതുപോലെ തോന്നി.
അല്ല എന്റെ കണ്ണുകള്‍ നിറഞ്ഞതാണ്.

അപ്പോള്‍ തൊടിയിലെ മാവിന്‍ ചുവട്ടില്‍ ഇളം കാറ്റ് വീശുന്നുണ്ടായിരുന്നു...
അവരിപ്പോഴും പ്രണയിക്കുന്നുണ്ടാവും...
മരണം കടന്നു ചെല്ല്ലാത്ത എതോ അജ്ഞാത ലോകത്തിരുന്നുകൊണ്ട്....!!!!