വേനല്‍മഴ.!!
ഉമി പുകയുന്ന വേനല്‍.
നനുത്ത സ്പര്‍ശം പോലെ പെയ്യുന്ന വേനല്‍മഴ.
മണ്ണൊന്ന് മഴനുണഞ്ഞ് രുചി അറിയുന്പോഴേക്കും.
മെല്ലെ മെല്ലെ എത്തി നോക്കുന്ന സൂര്യന്‍.
അതിനിടയില്‍ എപ്പോഴോ ആയിരിക്കും.
ആ അപാര നീലിമയില്‍ മഴവില്ലു പൂക്കുന്നത്.
ഏഴ് നിറങ്ങളില്‍.
ഇന്നലെ മുഴുവന്‍ ഞാന്‍ അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു.
നിഴലുപോലെ. അല്ല ഒരു പക്ഷെ നിഴലിനേക്കാള്‍ അരികെ.
അവളെ നോക്കി തീര്‍ക്കുകയായിരുന്നു.
കണ്ണിനു മുന്നില്‍ മറയായ് ഒരു കാമറയും പിടിച്ച്.
അന്പലത്തില്‍ പോകുന്പോള്‍.
കുറി തൊടുന്പോള്‍.
തിരിച്ചു വന്നു വീട്ടിലെ മുറിയില്‍ അണിഞ്ഞൊരുങ്ങുന്പോള്‍.
ആഭരണങ്ങള്‍ അണിയുന്പോള്‍.
ബന്ധുക്കള്‍ അവള്‍ക്കു മധുരം പകരുന്പോള്‍.
എല്ലാം ..പകര്‍ത്തുകയായിരുന്നു ഞാനും എന്റെ കാമറയും.
മത്സരിച്ചുകൊണ്ട്. മനസ്സിലും ഫിലിമിലും.
അപ്പോഴൊക്കെ കൈകള്‍ വിറക്കാതിരിക്കാന്‍ .
ഉള്ളിലോടിനടക്കൂന്ന മദ്യത്തോട് ഞാന്‍ കൂടുതല്‍ ധൈര്യം ആവശ്യപ്പെട്ടു കൊണ്ടിരുന്നു.
എന്നിട്ടും എനിക്കു വിറച്ചു.
രണ്ടുവട്ടം.
ഉള്ളിലെ മുറിയില്‍ ചാര്‍ജ്ജ് ചെയ്യാന്‍ വച്ച ബാറ്ററി എടുക്കാന്‍ ചെന്നപ്പോള്‍.സുനന്ദയുടെ കൂടെ അവളുമുണ്ടായിരുന്നു മുറിയില്‍.
ഒരു മൂലയില്‍ നിര്‍വികാരനായി ബാറ്ററി മാറ്റികൊണ്ടിരിക്കെ .അവളെഴുന്നേറ്റു കതകടച്ചു.
ഓടിവന്ന് എന്റെ കൈകള്‍ നെഞ്ചിലേക്കടുപ്പിച്ചു പിടിച്ച് കണ്ണില്‍ വെള്ളം നിറച്ചു കൊണ്ട് ചോദിച്ചു.എന്നെ എന്തിനിങ്ങനെ ശിക്ഷിക്കുന്നെന്ന്.
ആരെ ശിക്ഷിക്കാന്‍.
ഇല്ല ..
ഇത് നിനക്കുള്ളതല്ല.എനിക്കുള്ളതാണ്.
ഞാന്‍ തന്നെ വിധിച്ചത്.
ആവളുടെ കൈ വകഞ്ഞു മാറ്റി കതകു തുറന്നു പുറത്തേക്കു ധൃതിയില്‍ നടക്കുന്പോള്‍.
നടുമുറിയിലെ ദീര്‍ഘ വൃത്താകൃതിയിലുള്ള കണ്ണാടിയില്‍ ഞാന്‍ കണ്ടു.
കണ്ണൂകള്‍ കലങ്ങിയ അവളൂടെ മുഖവും അതിനു മറ തീര്‍ത്തു കൊണ്ട് അടഞ്ഞു വരുന്ന മുറിയുടെ വാതിലും.
അല്പം കഴിഞ്ഞ് അവളിറങ്ങിവന്നു.
പൂവും ചൂടി.... പുടവയും ചുറ്റി.... കൈയില്‍ എരിയുന്ന തിരിവച്ച താലവുമേന്തി....
കല്യാണതട്ടില്‍ കാലെടുത്തുവെക്കുന്പോള്‍ അവളെന്നെ ഒന്നു നോക്കി.
വിറച്ചു...എനിക്കെന്റെ കൈകള്‍ വിറച്ചു.
അതായിരുന്നു അദ്യത്തെത്.
പിന്നീടുള്ള എന്റെ ചലനങ്ങള്‍ തികച്ചും യാന്ത്രികമായിരുന്നു.
ആ മണ്ഡപത്തിനു ചുറ്റും ഞാന്‍ ജീവിച്ചത് യുഗങ്ങള്‍ തള്ളിനീക്കികൊണ്ടാണ്.
ഒടുവില്‍ താലിയണിഞ്ഞുകൊണ്ടിരിക്കെ...
താലികെട്ടിക്കൊണ്ടിരുന്ന കൈകള്‍ക്കിടയിലൂടെ അവളെന്നെ ഒന്നുകൂടി നോക്കി.
എനിക്കു വിറച്ചു രണ്ടാമതും.
ആ വിറ കാരണം കാമറ വിട്ടു പോയതും ഫിലിമില്‍ പതിയാത്തതുമായ രണ്ടു രംഗങ്ങളും.
പക്ഷെ എന്റെ ഉള്ളില്‍ പതിഞ്ഞത് പച്ചകുത്തിയതു പോലെയാണ്.
അല്പസമയം ഞാന്‍ മാറി നിന്നു.
പോക്കറ്റില്‍ ബാക്കിവച്ചത് വെള്ളം ചേര്‍ക്കതെ അകത്താക്കി പണ്ഡാരിപുരയുടെ അടുത്ത് വച്ച്.
അടുപ്പില്‍ എരിഞ്ഞുകൊണ്ടിരുന്ന കനലുകളിലേക്കു ഫോക്കസ് ചെയ്ത് ഒരു ഷോട്ടെടുത്തു.
കൈവിറ്ക്കില്ലെന്നു ഉറപ്പു വരുത്താന്‍.
കാരണം എനി എടുക്കാനുള്ളത് ഒരു ഷോട്ടുമാത്രം.
ജീവന്റെ അവസാനത്തെ ഷോട്ട്.
അല്ലെന്കില്‍ ജീവനെന്ന ഈ ഫൊട്ടോഗ്രാഫറുടെ മാസ്റ്റര്‍പീസ്.
അതില്‍ ഞാന്‍ വിജയിച്ചു.
പനിനീര് തളിച്ചു പടിയിറങ്ങുന്പോള്‍ ആരെയോ തിരയുകയായിരുന്ന ആ രണ്ട് മിഴികള്‍ ഞാന്‍ പകര്‍ത്തി.
കൈ വിറക്കാതെ തന്നെ.എന്റെ അവസാന ഷോട്ട്.
അവളിറങ്ങുന്പോള്‍ മഴ പെയ്തു.
മണ്ണിന്‍ചിരട്ടകള്‍ വലിച്ചെറിഞ്ഞ് മഴവില്ല് കാണാന്‍ അന്പോറ്റിക്കുന്നിന്റെ നിറുകയിലേക്കു ഓടാന്‍ ഞങ്ങളെ പ്രേരിപ്പിച്ച.
അതേ വേനല്‍മഴ....
ചിതറിത്തുടങ്ങിയ അഥിതികള്‍ക്കിടയിലൂടെ തുഴഞ്ഞുചെന്നു ഞാന്‍ എന്റെ സഞ്ചിയുമെടുത്ത് വിയര്‍പ്പു പൊഴിയും മുന്പ് ഓടിയത്.
എന്റെ ഇരുട്ട്മുറിയിലെക്കായിരുന്നു.
ചുവന്ന വെളിച്ചത്തില്‍ ഞാന്‍ ആ ഫോട്ടൊകള്‍ ഓരോന്നായ് രൂപപ്പെടുത്തി.
ഓരോമൊട്ടുസൂചികളാക്കി ഹൃദയത്തില്‍ ആഴ്ത്തി ഇറക്കി.
അങ്ങനെ ഇന്നലെ രാവും ഇന്നു പുലര്‍ചയും പണിപ്പെട്ട് ഞാനതിനൊരു ലോഹകവചം തീര്‍ത്തു.
കഠിനനാകതെ എനിക്കെങ്ങനെ അവളെ യാത്രയാക്കാനാകും.
വരണ്ടു വിണ്ടുകീറിയ എന്റെ വഴികളില്‍.
അവളായിരുന്നു എന്റെ വേനല്‍മഴ.
എന്റെ വാനിലെ ഏഴു പീലി നീര്‍ത്തിയ പ്രണയവും അവള്‍ തീര്‍ത്തതാണ്.
എനി ഒരിക്കലും അതുണ്ടാകില്ല.
ഈ ഇരുട്ടു മുറിയില്‍ വെളിച്ചമില്ലാത്തലോകത്ത് ഇനി എന്തിനു വര്‍ണങ്ങള്‍.
മൊട്ടുസൂചികള്‍ക്കിടയിലൂടെ ചുവപ്പ് പടര്‍ന്നുകൊണ്ടിരുന്നു.
ഇല്ല മരിക്കില്ല .
മരിക്കാന്‍ എനിക്കിനിയം സമയമുണ്ട്.
ഞാന്‍ മരവിച്ചു കിടക്കും.
കുളുമുറിയുടെ ഓരു പറ്റി ഓവുചാലിലൂടെ പുറത്തേക്ക് ഓഴുകി എന്റെ രക്തം അടയാളം കാട്ടും വരെ.
വീട്ടു പടിക്കലില്‍ പഴയ പത്രക്കെട്ടുകള്‍ പത്രക്കാരന്‍ പയ്യനില്‍ സംശയം പുകയ്ക്കും വരെ.
പടുതിരിയാളി എന്റെ ചുരുളുകള്‍ ഇരുട്ടില്‍ ഒരു കറുത്ത മഴവില്ലു തീര്‍ക്കും വരെ...
എന്റെ വേനലുകള്‍ അവസാനിക്കും വരെ....!!
-ലിപി....